പാലാ: ബൈപാസിനെയും പാലാ- ഉഴവൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന ആശാനിലയം റോഡ് തകര്‍ന്നത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി. നഗരസഭയിലെ 26-ാം വാര്‍ഡില്‍ നഗരത്തിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ഈ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനയാത്ര ദുഷ്കരമായി.
ഇരുചക്ര വാഹന യാത്രികരും വിദ്യാര്‍ഥികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ റോഡിന്റെ അവസ്ഥ മനസിലാക്കാന്‍ കഴിയാതെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായിരിക്കുകയാണ്.
നിരവധിത്തവണ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറ്റകുറ്റപ്പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ആശാനിലയം റോഡ് അടിയന്തരമായി നവീകരിച്ച് യാത്രാസുരക്ഷ ഉറപ്പാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ റോയി ഫ്രാന്‍സീസ് പറഞ്ഞു.